ഒരു ഇലക്ഷന്‍ വീരഗാഥ

മെയിന്‍ റോഡില്‍ നിന്നു നോക്കിയാല്‍ നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലാണോ കോളേജ്,അതോ കോളേജ് കെട്ടിടത്തിനു ചുറ്റും മരങ്ങള്‍ വട്ടത്തില്‍ നിരന്നു നില്‍ക്കുകയാണോ ഏന്ന സന്ദേഹം സ്വാഭാവികമായും ഉണ്ടാവും. കുട്ടികളേക്കാള്‍ കൂടുതല്‍ മരങ്ങള്‍ ഉള്ള ഈ ക്യാംപസ് പുണ്യം പകര്‍ന്ന നിരവധി വിദ്യാര്‍ത്ഥികളില്‍ ഒരാളായ എന്റെ കുറച്ചു ക്യാമ്പസ് ചിന്തകള്‍ ...

ഇരുളും വെളിച്ചവും പങ്കിട്ടെടുത്ത മെയിന്‍ ബ്ലോക്കിന്റെ വരാന്തയില്‍ കണ്ടുമുട്ടുന്നതും,ഇവിടെ പറയാന്‍ പോകുന്നതുമായ മുഖങ്ങള്‍ക്ക് യതാര്‍ത്ഥ പേര് നല്‍കാന്‍ അല്പം വൈക്ലബ്ബ്യം ഉണ്ട് എങ്കിലും ചില സുഹ്രുത്തുക്കളുടെ പേരു പറഞ്ഞേ പറ്റൂ.മറ്റു കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് ചിലര്‍ക്കു മനസ്സിലാവും.അവിടെ ഒരു മുന്‍കൂര്‍ ജാമ്യം..”ഈ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോആയി...................”

അതോരു ഇലക്ഷന്‍കാലം..
ക്യാമ്പസിന്റെ ഓരോ മണ്‍ല്‍ത്തരിയും രാഷ്റ്റീയ ചൂടില്‍ ഉരുകി മറിയുന്നു.
നീണ്ട 12-13 വര്‍ഷങ്ങള്‍ക്കു ശേഷം കോളേജ് യൂണിയന്‍ ഭരണം തിരിച്ചു പിടിക്കാന്‍ കഴിയും എന്നവിശ്വാസത്തില്‍ എസ്.എഫ്.ഐ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. അതുവരെ അണിഞ്ഞിരുന്ന നീല ജീന്‍സിന്റെ അലസതയില്‍ നിന്നും മുക്തിനേടി കഞ്ഞി പിഴിഞ്ഞ ഖദറിന്റെ ദേശീയത യിലേക്ക് കെ.എസ്.യു ക്കാര്‍ കൂടുമാറി,കോളേജ് യൂണിയന്‍ ഭരണം നഷ്ടപ്പെടാതിരിക്കാന്‍ കെ.എസ്.യു മറുപക്ഷത്തും ആഞ്ഞുപിടിക്കുന്നു. ഗ്ലാമറിന്റെ കാര്യത്തില്‍ എസ്.എഫ്.ഐ കുറച്ചു പുറകില്‍ ആയിപ്പോയി.സന്ദേശം എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ശ്രീനിവാസന്റെ രൂപത്തോടു ഏറെ സാദ്രുശ്യം പുലര്‍ത്താന്‍ മത്സരിച്ചിരുന്നവരായിരുന്നു എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളില്‍ ഏറെയും.(ഞാനും മത്സരിച്ചിരുന്നു.)
ശുഭ്രപതാക പാറിക്കും എന്ന ഉറച്ച് തീരുമാനം നടപ്പാക്കാന്‍ എസ്.എഫ്.ഐ സൈദ്ധാന്തിക തലത്തില്‍ ഒരു അജണ്ട നടപ്പാക്കി. സ്റ്റുഡന്റ് എഡിറ്റര്‍ ,ഫൈനാര്‍ട്സ് സെക്രട്ടറി എന്നീ സ്ഥാനത്തേക്ക് ചോക്ലേറ്റ് സഖാക്കളെ രംഗത്ത് അവതരിപ്പിച്ചു. അത്തരത്തില്‍ അവതരിപ്പിക്കപ്പെട്ട സ്റ്റുഡന്റ് എഡിറ്റര്‍ സ്ഥാനാര്‍ത്ഥിയാണ് ഈ കഥയിലെ നായകന്‍. അദ്ദേഹത്തെ നമുക്കു തല്‍ക്കാലം ശശി എന്നു വിളിക്കാം.
എസ്.എഫ്.ഐ യുടെ ശശി അശ്വമേധം ആരംഭിച്ചു. സ്ഥാനാര്‍ത്ഥിക്കുപ്പായം അണിയിച്ചു ഒന്നാം വട്ട പര്യടനത്തിനു അഴിച്ചുവിട്ടു. പയ്യന്‍സ് കൊള്ളാം തുടക്കം പാളിയില്ല ശരിക്കും വോട്ട് ഇരന്നു തുടങ്ങി. വൈകുന്നേരം ഇലക്ഷന്‍ കമ്മറ്റി കൂടിയപ്പോള്‍ ശശിയുടെ റിപ്പോര്‍ട്ടിംഗ് ..”അത്യാവശ്യം വോട്ട് വീഴും ,പക്ഷെ എതിര്‍ സ്ഥാനാര്‍ത്ഥി പ്രബലനാണ്.കെ.എസ്.യു സ്റ്റുഡന്റ് എഡിറ്റര്‍ ആയി അവതരിപ്പിച്ചിരിക്കുന്നത് ക്രിക്കറ്റ് ടീം ക്യപ്റ്റന്‍ ജോണിക്കുട്ടനെ ആണ്. സുമുഖന്‍,സുന്ദരന്‍,ക്ലീന്‍ഷേവ് എപ്പോഴും ഡെനിം ആഫ്റ്റര്‍ ഷേവിന്റെ സൌരഭ്യം പരത്തുന്ന കോമളന്‍,എങ്ങനെ കൂട്ടിയാലും കിഴിച്ചാലും മെലിഞ ഉടലില്‍ തൂങ്ങിയാടുന്ന വെളുത്ത ഷര്‍ട്ടണിഞ്ഞ് കൈമുട്ടു വരെ തെറുത്തു വക്കുന്ന ശശി യെക്കാള്‍ ഒരു പണത്തൂക്കം മുന്നിലാണ് ജോണിക്കുട്ടന്‍. പോരാത്തതിന് ശശി ബി.കോം ജോണിക്കുട്ടന്‍ ഫിസിക്സ്.ജോണിക്കുട്ടന്‍ എന്ന ന്യൂക്ലിയസിനു ചുറ്റും പെണ്‍കുട്ടികളുടെ ഒരു ഓര്‍ബിറ്റ് രൂപപ്പെട്ടു വരുന്ന സീനുകള്‍ ശശി യുടെ സ്വപ്നത്തില്‍ നിത്യ സന്ദര്‍ശകരായി. 2000 വിദ്യാര്‍ത്ഥികളെ സാക്ഷി നിര്‍ത്തി ജോണിക്കുട്ടന്‍ ശശി യുടെ മിഡില്‍ സ്റ്റമ്പ് നോക്കി ഫാസ്റ്റ് ബോള്‍ പറത്തുന്നതും ക്ലീന്‍ ബൌള്‍ഡ് ആകുന്നതും ശശി പിച്ചും പേയും പറയാന്‍ തുടങ്ങി. എന്തിനധികം ശശിയുടെ ആത്മവിശ്വാസത്തിന്റെ ബാലന്‍സ് ഷീറ്റില്‍ വിള്ളലുകള്‍ വീഴ്ത്തി ജോണിക്കുട്ടന്‍ കളിക്കളം നിറഞാടി.

ശശി യുടെ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്നറിയാതെ LC,AC,DC തലത്തിലുള്ള സഖാക്കള്‍ ചിന്തയിലാണ്ടു. ആശയപരമായ പ്രതിസന്ധി...
അപ്പോഴാണു എസ്.എഫ്.ഐ പാളയത്തില്‍ ഒരു കച്ചിത്തുരുമ്പ് വീണുകിട്ടിയതു.കെ.എസ്.യു സ്ത്ഥാനാര്‍ത്ഥി ജോണിക്കുട്ടന്‍ സെക്കന്റ്റ് ലാംഗ്വേജ് ആയി study ചെയ്യുന്നത് ഹിന്ദി ആണത്രെ ഹിന്ദി. രണ്ടാം ഭാഷ ആയിപ്പോലും മലയാളം എടുക്കാത്ത ജോണിക്കുട്ടി ആണോ സ്റ്റുഡന്റ് എഡിറ്റര്‍ ആകുന്നത്..? മലയാളത്തിലുള്ള മാഗസിന്‍ ഇറക്കുന്നത്..? ശശി യുടെ ക്യാമ്പയിന്‍ വിംഗ് സടകുടഞ്ഞെഴുന്നേറ്റു. ജോണിക്കുട്ടിക്കെതിരേ,അമ്മ മലയാളത്തെ തള്ളിപ്പറഞ്ഞ വര്‍ഗ്ഗശത്രുവിനെതിരെ എല്ലാക്ലാസുകളിലും എസ്.എഫ്.ഐ ആഞ്ഞടിച്ചു. ആ ആരോപണങ്ങളുടെ യോര്‍ക്കറില്‍ ജോണിക്കുട്ടി ഒന്നു തളര്‍ന്നു. ശശി യുടെ ചുണ്ടില്‍ പുഞ്ചിരി.ശശി പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയി.സെക്കന്റ്റ് ലാംഗ്വേജ് മലയാളം ആയില്ല എന്ന ഒറ്റകാരണത്താല്‍ ഗ്ലാമര്‍ താരം ജോണിക്കുട്ടി ഇലക്ഷനില്‍ ക്ലീന്‍ ബൌള്‍ഡ്...ജോണിക്കുട്ടി തോറ്റു.
ഇലക്ഷനു ശേഷം സത്യപ്രതിജ്ഞാ ചടങ്ങും കഴിഞ്ഞ് ഞാനും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ശിവനും ,ചീഫ് സ്റ്റുഡന്റ് എഡിറ്റര്‍ ശശിയും കൂടി കാന്റീനില്‍ ഇരുന്നു ഓരോ കടും കാപ്പി ഓര്‍ഡര്‍ ചെയ്തു ഇരിക്കുമ്പൊള്‍ ശശി വളരെ രഹസ്യമായി ഒരു കാര്യം ഞങ്ങളെ അറിയിച്ചു.
ശശിയുടെ സെക്കന്റ്റ് ലാംഗ്വേജും ഹിന്ദി ആയിരുന്നു.......

9 comments:

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കാമ്പസ്‌ കഥകള്‍ ഇനിയും വരട്ടെ. കാമ്പസ്‌ രാഷ്ടീയത്തിന്റെ കാണാപുറങ്ങളിലേക്കുള്ള ഈ തുടക്ക നന്നായി..

ആശംസകള്‍..

Rafeek Wadakanchery said...

നന്ദി..ശ്രീ.ബഷീര്‍ വെള്ളറക്കാട്
സുജിത് ടി.കെ

Rafeek Wadakanchery said...
This comment has been removed by the author.
ബിജുരാജ്‌ said...

കലക്കി മോനേ ശശിക്കുട്ടന്‍ ഇപ്പൊ ആഫ്രിക്കയിലാ

dilkumar said...

national serviceloode campus bharanam pidicheduthoole panni...?


snehathode
dilmash

hAnLLaLaTh said...

എന്റെ ശശീ...:)

വാഴക്കോടന്‍ ‍// vazhakodan said...

"ഇരുളും വെളിച്ചവും പങ്കിട്ടെടുത്ത മെയിന്‍ ബ്ലോക്കിന്റെ വരാന്തയില്‍..."

ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ഇനിയും നിന്നില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു. എനിക്കും അതേ കോളേജിലെ ഒത്തിരി ഇലക്ഷന്‍ അനുഭവങ്ങളുണ്ട്. എല്ലാം വെറുതെ ഓര്‍ക്കാന്‍ ഈ പോസ്റ്റ്‌ സഹായിച്ചു. നന്ദി റഫീക്ക്‌. ഈയിടെയായി എഴുതാന്‍ വളരെ മടിയുള്ളപോലെ തോന്നുന്നു. എന്നെ കൈപിടിച്ചു നടത്തിയിട്ട് പിന്‍വലിയാന്‍ നിക്കല്ലേ! മടിയൊക്കെ മാറ്റി ഇനിയും എഴുതൂ എന്റെ പ്രിയ കൂട്ടുകാരാ...

lakshmy said...

കൊള്ളാം, ഇലക്ഷൻ തന്ത്രങ്ങളും കുതന്ത്രങ്ങളും :)

Sajith said...

Kalakki Rafeekkeee....unforgettable times...